Wednesday, January 7, 2009

പുതുവര്‍ഷ ചിന്തകള്‍

അമ്മ മക്കളോട്‌

മക്കളേ,

ഇതാ ഒരുപുതിയ വര്‍ഷം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പുതുവര്‍ഷാരംഭത്തില്‍ മക്കളുടെയുള്ളില്‍ പുതിയ ഉണര്‍വും ഉത്സാഹവും പ്രതീക്ഷയും നിറയണം. വര്‍ഷത്തിന്‌ മഴയെന്നും അര്‍ഥമുണ്ടല്ലോ? ഒരു പുതുമഴയുടെ കുളിര്‍മയും ഉന്മേഷവും പേറിക്കൊണ്ടാണ്‌ നവവത്സരം വന്നണഞ്ഞത്‌. വളരുന്നവര്‍ക്ക്‌ അതു പ്രതീക്ഷകളുടെ പൂക്കള്‍ സമ്മാനിക്കുന്നു. വളര്‍ന്നവര്‍ക്ക്‌ പുതിയ ഉത്തരവാദിത്തങ്ങളുടെ കനികളും. മനുഷ്യന്‍ എന്നും നല്ല നാളെയെക്കുറിച്ച്‌ സ്വപ്‌നങ്ങള്‍ നെയ്യുന്നവനാണ്‌. ദുഃഖങ്ങളുടെ നടുവിലും ജീവിതത്തിന്‌ നിറവും മണവും പാകുന്നത്‌ ആ സ്വപ്‌നങ്ങളാണ്‌. ആ ശുഭപ്രതീക്ഷ, ശുഭാപ്‌തിവിശ്വാസം ഈ വര്‍ഷത്തിലുടനീളം തുടര്‍ന്നും മക്കള്‍ക്ക്‌ ഉണ്ടാവണം. പുതുവര്‍ഷപ്പിറവി പുതിയ തുടക്കങ്ങള്‍ക്കുള്ള അവസരമാണ്‌. ദുഃഖസ്‌മൃതികളില്‍ നിന്നു മോചനം നേടി പുതിയൊരു കാല്‍വെയ്‌പിനുള്ള മുഹൂര്‍ത്തമാണത്‌. കഴിഞ്ഞ കാലത്തില്‍ നിന്നു പാഠങ്ങള്‍ പഠിക്കാന്‍, അവയുടെ വെളിച്ചത്തില്‍ സ്വന്തം ജീവിതത്തില്‍ , ജീവിത രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ തയ്യാറാവണം. ജീവിതം ഒരു പൂന്തോപ്പുപോലെയാണ്‌. ഇലകള്‍ കരിയുന്നതും പൂക്കള്‍ വാടിക്കൊഴിയുന്നതും അവിടെ സ്വാഭാവികമാണ്‌. പഴമയുടെ ആ ജീര്‍ണതകളെ അപ്പോഴപ്പോള്‍ മാറ്റിയാല്‍ മാത്രമേ പുതിയ പൂക്കളും തളിരുകളും കൊണ്ട്‌ കമനീയമായ ആ പൂന്തോപ്പിന്റെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ നമുക്കു കഴിയുകയുള്ളൂ. അതിനാല്‍ കഴിഞ്ഞകാലം മനസ്സിലുണ്ടാക്കിയ കാലുഷ്യങ്ങളെ നമുക്ക്‌ അടര്‍ത്തിക്കളയാം. മറവിയിലെ ഓര്‍മയാണ്‌ ജീവിതം. ക്ഷമിക്കേണ്ടത്‌ നമുക്കും ക്ഷമിക്കാം. മറക്കേണ്ടത്‌ മറക്കാം. പുതിയൊരു ഉണര്‍വോടെ ജീവിതത്തെ പുല്‌കാം. വാസ്‌തവത്തില്‍ പുതുവര്‍ഷം മാത്രമല്ല, നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും ഓരോ നിമിഷവും പുതുമയുള്ളവതാകണം. പുതിയതായി വിരിഞ്ഞ ഒരു പനിനീര്‍പ്പൂവിനെ എന്നപോലെ ജീവിതത്തിലെ ഓരോ നിമിഷത്തെയും പുതിയ ഉണര്‍വോടെ പുതിയ പ്രതീക്ഷയോടെ സമീപിക്കാന്‍ നമുക്കു കഴിയണം. കഴിഞ്ഞവര്‍ഷം ലോകത്തിന്‌ വളരെയേറെ ദുഃഖങ്ങളും ദുരിതങ്ങളും നല്‍കിയാണ്‌ കടന്നുപോയത്‌. നമ്മുടെ രാജ്യത്തിനുനേരെ ഭീകരാക്രമണം ഉണ്ടായി. ദേശസ്‌നേഹികളായവര്‍ തങ്ങളുടെ ജീവന്‍ നല്‍കി നമ്മുടെ രാജ്യത്തെ രക്ഷിച്ചു. ലോകമെമ്പാടും ഭീകരാക്രമണങ്ങളില്‍ എത്രയോ പേര്‍ മരിച്ചു. വരാന്‍ പോകുന്ന വര്‍ഷം കുറച്ചുകൂടി നല്ലതായിരിക്കുമെന്നു നാം പ്രതീക്ഷിക്കുന്നു. വെടിയൊച്ചകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരച്ചിലിന്റെയും ശബ്ദത്തിനു പകരം പക്ഷികളുടെ കളകൂജനങ്ങളും കുട്ടികളുടെ പൊട്ടിച്ചിരിയും ഈ വര്‍ഷം നമുക്ക്‌ ലഭിക്കട്ടെ. ഇതിന്‌ നമ്മുടെ ഭാഗത്തുനിന്നും പ്രയത്‌നനം ഉണ്ടാവണം. നവവത്സരത്തിന്റെ തുടക്കത്തില്‍ വെറുതെ പ്രതീക്ഷിച്ചതുകൊണ്ടോ, അക്കങ്ങള്‍ മാറ്റിയതുകൊണ്ടോ, കലണ്ടറിലെ താളുകള്‍ മറിച്ചതുകൊണ്ടോ മാറ്റം ഉണ്ടാവില്ല. മാറ്റം നമ്മുടെ പ്രയത്‌നനങ്ങളില്‍ത്തന്നെ വേണം. എന്നാലേ നമ്മുടെ പ്രതീക്ഷകള്‍ സഫലമാകൂ. കഴിഞ്ഞതിനെയോര്‍ത്തു ദുഃഖിക്കുകയോ, അലസന്മാരാവുകയോ ചെയ്യാതെ നമ്മളെല്ലാം ഉത്സാഹപൂര്‍വം പ്രയത്‌നനിച്ചു മുന്നോട്ടുപോകുന്ന ഒരു വര്‍ഷമാകട്ടെ ഈ പുതുവര്‍ഷം. കഴിഞ്ഞ കാലങ്ങളില്‍ നിന്ന്‌ മക്കള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. പരാജയങ്ങളെയും വീഴ്‌ചകളെയും വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റാന്‍ മക്കള്‍ക്ക്‌ കഴിയും. അതിന്‌ ശ്രമിക്കണം. കാലത്തിന്റെ ഒഴുക്കിനെക്കുറിച്ച്‌ പുതുവര്‍ഷം നമ്മെ ഓര്‍മിപ്പിക്കുന്നു. നഷ്‌ടപ്പെട്ട മറ്റെന്തും തിരിച്ചുകിട്ടിയേക്കാം. എന്നാല്‍ പോയകാലം ഒരിക്കലും തിരിച്ചു വരികയില്ല. അതിനാല്‍ മതിമറന്ന്‌ ആഹ്ല്‌ളാദിക്കാന്‍ മാത്രമുള്ളതല്ല ഈ വര്‍ഷത്തിന്റെ തുടക്കം. വിവേകത്തെ ഉണര്‍ത്താനുള്ള അവസരം കൂടിയാണത്‌. ഉല്ലാസത്തോടൊപ്പം സംസ്‌കാരവും ഒത്തുചേര്‍ന്നാലേ ലോകത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കൂ. ഓരോ നിമിഷവും ജാഗ്രതയോടെയും വിവേകത്തോടെയും മക്കള്‍ ജീവിക്കണം. ജീവിതമെന്നത്‌ എടുക്കലും കൊടുക്കലുമാണ്‌. കുറച്ച്‌ എടുക്കാനും കൂടുതല്‍ കൊടുക്കാനും നാം തയ്യാറായാല്‍ കര്‍മപാശത്തെ അഴിക്കാന്‍ നമുക്ക്‌ കഴിയും. സ്‌നേഹമാണ്‌ ജീവിതത്തിന്റെ ഏറ്റവും വലിയ മൂലധനം. അതാണ്‌ ജീവിതത്തെ എന്നും പുതുമയുള്ളതാക്കിത്തീര്‍ക്കുന്നത്‌. സ്‌നേഹത്തിലും ഐക്യത്തിലും സാഹോദര്യത്തിലുമാണ്‌ ജീവിതത്തിന്റെ ധന്യതയെന്നത്‌ ഈ പുതുവര്‍ഷാരംഭത്തില്‍ മാത്രമല്ല, ഈ വര്‍ഷം മുഴുവന്‍ മക്കള്‍ ഓര്‍ക്കണം.

അമ്മ

No comments:

Post a Comment